യതീഷ് ചന്ദ്ര; ജീവൻ രക്ഷിക്കാനാണ് നോക്കിയത്... ജീവനെടുക്കാനല്ല

യതീഷ് ചന്ദ്ര; ജീവൻ രക്ഷിക്കാനാണ് നോക്കിയത്... ജീവനെടുക്കാനല്ല

അജിത ജയ്ഷോർ, കവർസ്റ്റോറി

കണ്ണൂർ: ലോകജനത കോവിഡ് 19 എന്ന മഹാമാരിയെ ഭയപ്പെട്ട് ലക്ഷ്യമില്ലാതെ അലയുമ്പോൾ ഇന്ത്യയും കേരളവും തങ്ങളുടെ പൗരൻമാരെ സംരക്ഷിക്കാൻ അഹോരാത്രം കഷ്ടപ്പെടുകയാണ്. ഓരോ നടപടികളും നടപ്പാക്കുന്നത് നമ്മുടെ സേനാ വിഭാഗങ്ങളും ആരോഗ്യ പ്രവർത്തകരുമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ജാഗ്രത അടിയന്തിരമായി നൽകേണ്ടത് കാസർകോട് ജില്ലയാണ്. ഈ ജില്ലക്ക് തൊട്ടടുത്ത കണ്ണൂരിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിൽ നിൽക്കുന്നത് അവിടുത്തെ പോലീസിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന നല്ലവരായ നാട്ടുകാരുടെയും ജാഗ്രത കൊണ്ടാണ്.

സർക്കാരിന്റെ ഓരോ നടപടികളും നടപ്പിലാക്കേണ്ടത് അവിടുത്തെ ഓരോ പോലീസ് ഉദ്യേഗസ്ഥരുടെയും ഉത്തരവാദിത്വമാണ്. ജില്ലാ ഭരണ മേധാവിയായ കലക്ടർ ഉത്തരവിടുന്ന കല്പനകൾ നടപ്പിലാക്കേണ്ടതും പോലിസിന്റെ ജോലിയാണ്. അവിടുത്തെ ജനങ്ങളെ മാത്രമല്ല തന്റെ കീഴിലുള്ള ഓരോ പോലിസു ഉദ്യോഗസ്ഥരുടെയും സേവനവും, അവരുടെ ഭക്ഷണവും, സംരക്ഷണവും കരുതലും, ഉറപ്പാക്കേണ്ടതായ ജില്ലാ പോലിസ്  മേധാവി രാത്രിയും പകലും ഭേദമില്ലാതെ ജില്ലകളിൽ ഓരോ ഗ്രാമത്തിന്റെ വരെ മുക്കിലും മൂലയിലും അലയുന്നത് അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ്.

എന്നാൽ മോദിയുടെയും, പിണറായിയുടെയും നിയമം ഞങ്ങൾ അനുസരിക്കില്ല അതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്നു പറഞ്ഞു നഗരം ചുറ്റാൻ ഇറങ്ങുന്ന സാമൂഹ്യ ദ്രോഹികൾക്ക് പരമാവധി കുറഞ ശിക്ഷ മാത്രമേ യതിഷ് ചന്ദ്രയും നൽകിയിട്ടുള്ളു. ഇതിനെതിരെ മനുഷ്യാവകാശം പറയുന്നവർ അവർ രോഗികളാവുകയോ, രോഗവാഹകരാവുകയോ ചെയ്താൽ ആര് സമാധാനം പറയും. ഒരു കലാപ ജാഗ്രത കർഫ്യു ആയിരുന്നെങ്കിൽ കേന്ദ്ര സേനയുടെയോ പട്ടാളത്തിന്റെയോ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിൽ ഇവർ പുറത്തിറങ്ങി നിയമം ലംഘിക്കുമായിരുന്നോ.

യതീഷ് ചന്ദ്രയെ ഇക്കാര്യത്തിൽ കല്ലെറിയുന്നവർ നമ്മുടെ ജീവൻ സംരക്ഷിക്കാൻ പട്ടിണിയും സ്വന്തം ജീവൻ പണയപ്പെടുത്തിയും നമ്മളെ സംരക്ഷിക്കുന്ന ഓരോ പോലീസുകാരെയും കല്ലെറിയുന്നതിന് തുല്യമാണ്. ഈ പോലീസുകാരിൽ നമ്മുടെ സഹോദരൻമാരുണ്ട്, സഹോദരിമാരുണ്ട്, അമ്മമാരുണ്ട് ഇതൊന്നും ആരും മറക്കരുത്. ആർക്കു വേണമെങ്കിലും കല്ലെറിയാം. പക്ഷെ ഒന്നോർക്കുക ജീവൻ നിലനിർത്താൻ വേണ്ടിയാണ് അവർ നമ്മളെ കരുതലോടെ കാവൽ നിൽക്കുന്നത്.